
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന റോജി അഗസ്റ്റിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിലെ വിചാരണ സ്റ്റേ ചെയ്യാനാകില്ലെന്നും വിഷയം വിചാരണക്കോടതിയായ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നും ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി.
പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. വയനാടൻ വനഭൂമിയിലെ മരംമുറി കേസിൽ അന്തിമ തീരുമാനമാകുന്നതുവരെ വഞ്ചനാക്കേസിലെ നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു മുഖ്യപ്രതി റോജി അഗസ്റ്റിന്റെ ആവശ്യം. കേസിൽ റോജി അഗസ്റ്റിന്റെ സഹോദരങ്ങളായ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും പ്രതികളാണ്.
വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലിൽ നിന്നു മുറിച്ചു കടത്തിയ കള്ളത്തടിക്ക് നിയമപരമായ രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ചോറ്റാനിക്കര കോടതിയിൽ വിചാരണ നടക്കുന്നത്. കരിമുകൾ മലബാർ ടിംബേഴ്‌സ് ഉടമ എം.എം. അലിയാരുടെ പരാതിയിൽ അമ്പലമേട് പൊലീസെടുത്ത കേസാണിത്.
'ആളെ കളിയാക്കുകയാണോ?': മജിസ്‌ട്രേറ്റ് കോടതി
കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ നേരിട്ട് ഹാജരാകണമെന്ന ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും അവഗണിച്ചതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഹാജരായ റോജിയോട് "മറ്റുള്ളവർ എവിടെ, ആളെ കളിയാക്കുകയാണോ?" എന്ന് രൂക്ഷമായി ചോദിച്ച മജിസ്‌ട്രേറ്റ്, റോജിയെ കോടതിമുറിയിൽ ഒരുഭാഗത്തേക്ക് മാറ്റി നിർത്തിക്കുകയും ചെയ്തു.
തങ്ങൾക്ക് വിചാരണയ്ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര കോടതി, വീഡിയോ കോൺഫറൻസിങ് വഴിയുള്ള വിചാരണ അപേക്ഷയിലും കോടതി പരിധി ചോദ്യം ചെയ്തുള്ള ഹർജിയിലും കുറ്റപത്രം വായിക്കുന്നതിനുള്ള അടുത്ത തീയതിയിലും ഉടൻ വിധി പ്രസ്താവിക്കും.










